Draft:KC Varkey BA LT

From Wikipedia, the free encyclopedia

കെ.സി. വർക്കി[edit]

അറിവും ആത്മീയതയും വ്രതമാക്കിയ കർമ്മയോഗി

KC Varkey BA, LT
KC Varkey BA, LT

മഹാന്മാരുടെ ജീവിതം ഒരു കുടുംബത്തിലോ സംഘടനയിലോ സമൂഹത്തിലോ മാത്രം ഒതുങ്ങുന്നില്ല. കാല-ദേശങ്ങള്‍ക്കതീതമായി അവരുടെ കീര്‍ത്തി അനുസ്യൂതം പരന്നൊഴുകുന്നു. ഇവിടെ കെ.സി. വര്‍ക്കിയെ ഓര്‍മ്മിക്കുമ്പോള്‍ അതിനോടുചെര്‍ന്നു മനനം ചെയ്ത് സന്തോഷത്തോടെ അതില്‍ ഉള്‍ച്ചേര്‍ന്നവര്‍ ഏറെയാണ്‌. പരേതരായ T ബാബു സക്കറിയാസ് കുന്നുംപുറം, ലിസ്സി സിറിയക്ക് കുന്നുംപുറം, കുട്ടിച്ചേട്ടന്‍ മുര്യങ്കരി, റെവ. ഫാ. JC മണലേല്‍, കെ.സി. ജോസഫ് കുന്നുംപുറം, കെ.ജെ. ജോര്‍ജ്ജ് കുന്നുംപുറം എന്നിവരോടൊപ്പം സര്‍വ്വശ്രീ ജോസ് ലെറ്റ് ചൂരക്കുളം, അപ്പുക്കുട്ടന്‍ TS, ജോബിന്‍ പൈക, ബിബിന്‍ പോള്‍, സർവ്വോപരി ഇതൊരു ബുക്കാക്കി പ്രസിദ്ധീകരിക്കുന്നതിന് ഉൽസാഹിക്കുകയും അദ്ധ്വാനിക്കുകയും ചെയ്ത ജോഷി റിയാൻ തുടങ്ങിയ അനേകം വ്യക്തിത്വങ്ങളെ ഈ അവസരത്തില്‍ ആദരപൂര്‍വ്വം സ്മരിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു.

മുഖക്കുറിപ്പ്[edit]

മനുഷ്യജീവിതം നൈമിഷികം എന്ന് പറയാറുണ്ട്. എത്ര സൂക്ഷ്മതയോടെ ജീവിച്ചാലും കൃത്യമായ ഒരു പരിധി ഭേദിച്ച് ആയുസ്സ് നീണ്ടുപോകില്ല എന്നത് പ്രകൃതി നിയമമാണ്. എന്നാൽ പലർക്കും ഈ പരിധിയോളമെത്താൻ കഴിയാറുമില്ല. ഓരോ വ്യക്തിയും മരണത്തോടെ തന്റെ സജീവസാന്നിദ്ധ്യത്തിൽ നിന്നും തുടച്ചു നീക്കപ്പെടുന്നുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നുവെങ്കിലും അവരുടെ ചിന്തകളും പ്രവർത്തികളും പിൻഗാമികളിലൂടെ തുടർന്നു പോരുന്ന കീഴ്‌വഴക്കം നമ്മുക്കിടയില്‍ ധാരാളം ഉണ്ട്. പിൻഗാമികൾ പലപ്പോഴും പൂർവ്വികരെ സ്മരിക്കുകയും അവർക്കായി പ്രാർത്ഥനകളും ക്രിയകളും നടത്തുകയും അവരുമായി ഒരു ആത്മീയഐക്യം സാധിച്ചെടുക്കുകയും ചെയ്യാറുണ്ട്. വ്യക്തി ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാകുമ്പോൾ പുരോഹിതരും ആത്മീയ ഗുരുക്കന്മാരുമൊക്കെ പിതൃക്രിയകൾ നിർദ്ദേശിക്കാറുമുണ്ട്. ഇതെല്ലാം തന്നെ ഒരു വ്യക്തി തന്റെയുള്ളില്‍ അദൃശ്യമായി കുടികൊള്ളുന്ന പൂർവ്വിക ചൈതന്യവുമായി സാധിച്ചെടുക്കേണ്ട പാരസ്പര്യത്തെ അടിവരയിടുന്നു. മനുഷ്യമനസ്സിന്റെ അഗാധതകളും ശക്തിവിശേഷങ്ങളും ഇനിയും ഏറെ വെളിവാക്കപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. അത്തരം ഗവേഷണകണ്ടെത്തെലുകൾക്കുപരിയായി വ്യക്തിപരമായ അറിവുകളും ബോധ്യങ്ങലും ഒരാൾക്ക് മാർഗ്ഗദർശകമായി ഭവിക്കാറുണ്ട്. ജീവിതത്തെ സൂക്ഷ്മ നിരീക്ഷണം നടത്തുന്ന ആർക്കും ജീവിതയാത്രയിലെ ഏതെങ്കിലുമൊക്കെ ഘട്ടങ്ങളിൽ പൂർവ്വികസ്പർശത്തിന്റെ അനുഭവം ബോധ്യപ്പെട്ടിട്ടുണ്ടാകാം. രാഷ്ട്രീയക്കാരനോ ഗുമസ്തനോ, വ്യാപാരിയോ, വക്കീലോ, ഡോക്ടറോ, പുരോഹിതനോ ആരുമായിക്കൊള്ളട്ടെ തന്റെ വ്യാപാരങ്ങളിലെ ഏതെങ്കിലുമൊക്കെ അവസ്ഥകളിൽ പൂർവ്വിക ദർശനം അനുഭവിച്ചിട്ടുണ്ടാകാം. 'ഞാനും പിതാവും ഒന്നാകുന്നു' എന്ന യേശു വചനത്തിലും തത്വമസി പൊരുളിലും കുടികൊള്ളുന്ന ദ്വൈതമല്ലാത്ത അവസ്ഥയുടെ ഒരു എളിയ അനുഭവതലം കൂടിയാണ് ഈ പൂർവ്വികസാമീപ്യാനുഭവം. അത്തരമൊരു അവസ്ഥ സംജാതമാക്കിയ ആന്തരിക ചേതനയുടെ ശക്തിയാണ് ഈ ചെറുഗ്രന്ഥം എഡിറ്റു ചെയ്യാൻ പ്രേരകമായത്. കെ.സി. വർക്കി എന്ന പുണ്യപുരുഷന്റെ ദർശനങ്ങളും കർമ്മോത്സുകതയും ഗൃഹസ്ഥാശ്രമത്തിന്റെ ഉന്നതിയും, സാത്വിക ഭാവത്തിനു മുന്നോടിയായുള്ള രാജസിക തലങ്ങളും ഈ താളുകളിൽ ഇഴചേർന്നു നിൽക്കുന്നു. വരും തലമുറകൾക്ക് ഇതിൽനിന്നും ഊർജ്ജമുൾക്കൊള്ളാൻ കഴിയട്ടെ എന്ന ശുഭപ്രതീക്ഷയോടെ ഏവര്‍ക്കുമായി സമര്‍പ്പിക്കുന്നു.

കുടുംബപൈതൃകം[edit]

പള്ളിപ്പുറം പാലയ്ക്കൽ കുടുംബത്തിന്റെ ശാഖയും വന്ദ്യ പാലയ്ക്കല്‍ തോമാമൽപ്പാന്റെ സാന്നിദ്ധ്യംകൊണ്ടനുഗ്രഹീതവുമായ ആർപ്പൂക്കര കുന്നുംപുറം കുടുംബത്തിലെ നാലാം തലമുറക്കാരനാണ് കെ.സി. വർക്കി. സെന്റ്. ജോസഫ് ആശ്രമസ്ഥാപകരിൽ പ്രധാനിയായിരുന്ന പുണ്യശ്ലോകൻ പാലയക്കൽ തോമാമല്പാന്റെ സഹോദരപുത്രൻ ഇട്ടി ഐപ്പിന്റെ മകൻ കുഞ്ചെറിയായുടെ ഇളയ സന്താനമായാണ് വർക്കി ജനിച്ചത്. 1897 ഫെബ്രുവരി 20-ാം തീയതിയാണ് അദ്ദേഹത്തിന്റെ ജന്മദിനം. മാതാപിതാക്കളോടും സഹോദരങ്ങളോടുമൊത്ത് ആർപ്പൂക്കരയിലെ തറവാട്ടുവീട്ടിലും അമ്മ വീടായ വെച്ചൂർ കണിയാന്തറ കണ്ണേഴം കുടുംബത്തിന്റെ നന്മകളിലും ഉൾച്ചേർന്ന് ബാല്യത്തിന്റെ സുകൃതങ്ങളോടെ അദ്ദേഹം തന്റെ വളർച്ചയുടെ പടവുകൾ ഓരോന്നായി നടന്നുകയറി.

പ്രാഥമിക വിദ്യാഭ്യാസം[edit]

ആയിരത്തി എണ്ണൂറ്റി അമ്പത്തിയൊന്നിൽ (1851) CMS മിഷനറിമാരാൽ സ്ഥാപിതമായ ആർപ്പൂക്കര കുമരംകുന്ന് സി.എസ്.ഐ. പള്ളിയോടു ചേർന്നുള്ള CMS LP സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനായി KC വര്‍ക്കിയെ അയച്ചതോടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാലഘട്ടത്തിനു തുടക്കമായി. പഠനത്തിൽ വലിയ ശുഷ്‌കാന്തിയും കഴിവും പ്രകടിപ്പിച്ച അദ്ദേഹം മികച്ച നിലയിൽ അടിസ്ഥാന പഠനം പൂർത്തീകരിച്ചു. തുടർപഠനത്തിനായി മാതാപിതാക്കൾ അദ്ദേഹത്തെ സി.എം.ഐ. സഭയാൽ സ്ഥാപിതമായ മാന്നാനം സെന്റ്. എഫ്രേംസ് ഇംഗ്ലീഷ് സ്‌കൂളിൽ ചേർത്തു. അവിടെ നിന്നും നല്ല നിലയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം മഹാരാജാസ് സ്‌കോളർഷിപ്പോടെ 1916ൽ ഇ. എസ്. എൽ. സി. പരീക്ഷയിൽ ഉന്നതവിജയം നേടി. തുടർന്ന് മെട്രിക്കുലേഷൻ പരീക്ഷയും ഉയർന്ന നിലയിൽ വിജയിച്ച കെ.സി. വർക്കിയുടെ പിന്നീടുള്ള ചുവടുവയ്പുകൾ നാടിനും കുടുംബത്തിനും വലിയ പ്രശസ്തിയും ആദരവും നേടിക്കൊടുത്തു.

ബിരുദപഠനം[edit]

കെ.സി. വർക്കി ബിരുദപഠനം നടത്തിയ 1916-17 കാലഘട്ടം ഒന്നു വിചിന്തനം ചെയ്താൽ മാത്രമേ അദ്ദേഹത്തിന്റെ പ്രയത്‌നത്തിന്റെ യഥാർത്ഥമൂല്യം തിരിച്ചറിയാൻ കഴിയൂ. കേരളത്തിലെ ഒരു കോളേജിലും ഡിഗ്രികോഴ്‌സ് ആരംഭിച്ചിട്ടില്ലാത്ത കാലം. സമീപത്തെങ്ങും തനിക്കൊരു മുൻഗാമിയെ കണ്ടുപിടിക്കുക ഏറെ ക്ലേശകരമായിരുന്ന കാലം. ഗതാഗതമാർഗ്ഗങ്ങളും വാർത്താവിനിമയസംവിധാനങ്ങളും അങ്ങേയറ്റം ദുർബലമായിരുന്ന കാലം. ലോകത്ത് പല പ്രധാന കണ്ടുപിടിത്തങ്ങളും നടന്നിട്ടില്ലാത്ത കാലം. രാഷ്ട്രീയമായ അസ്ഥിരതകളും അശാന്തിയും സ്വാതന്ത്ര്യത്തിനായുള്ള കഠിനശ്രമങ്ങളും സമരങ്ങളും നടക്കുന്ന കാലം. സാമ്പത്തിക ബുദ്ധിമുട്ടുകളും ദാരിദ്ര്യവും ഏറെയുള്ള കാലം. സർവ്വോപരി പഠനം ഒരു സപര്യയായി അധികമാരും സ്വപ്നം കാണാതിരുന്ന കാലം. പക്ഷേ ഇല്ലായ്മകളുടെ ഇത്തരം വേലിയേറ്റങ്ങളൊന്നും കെ.സി. വർക്കിയെന്ന പഠിതാവിന്റെ ജ്ഞാനതൃഷ്ണയെ തളർത്തിയില്ല. അദ്ദേഹത്തിന്റെ പിതാവ് കുഞ്ചെറിയ, വി. അൽഫോന്‍സയടക്കം അനേകർക്കു അക്ഷരവെളിച്ചം പകർന്ന ആര്‍പ്പൂക്കര തൊണ്ണംകുഴി ഗവൺമെന്റ് പ്രൈമറി സ്‌കൂളിന് 50 സെന്റ്‌ സ്ഥലം ദാനമായി നൽകിയ ഉദാരമതിയും വിദ്യയോടും വിദ്യാലയത്തോടും ആദരവ് കാട്ടിയിട്ടുള്ള പുരോഗമനവാദിയും മഹാമനസ്‌കനുമായിരുന്നു. പൂർവ്വികരുടെ സൽക്കർമ്മങ്ങളും സ്വന്തം ഇച്ഛാശക്തിയും കഠിനാദ്ധ്വാനവും ഒത്തുച്ചേർന്നപ്പോൾ ബിരുദപഠനത്തിനായി തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയിലേക്ക് കെ.സി. വർക്കി നയിക്കപ്പെട്ടു. തൃശ്ശിനാപ്പള്ളിയിലെ പ്രശസ്തമായ സെന്റ്. ജോസഫ്‌സ് കോളേജിൽ അദ്ദേഹം ബിരുദ വിദ്യാർത്ഥിയായി. മഹാപണ്ഡിതന്മാരായ അദ്ധ്യാപകരുടെ ശിക്ഷണവും സതീർത്ഥ്യരുടെ ഉയർന്ന ബൗദ്ധികതലവും വർക്കിക്ക് തന്റെ കഴിവുകളെ പ്രോജ്വലിപ്പിക്കാനുള്ള അവസരമൊരുക്കി. ആയിരത്തി തൊള്ളായിരത്തി ഇരുപതിൽ (1920) നാടിന് അഭിമാനമായി കെ.സി. വർക്കി മദ്രാസ് സർവ്വകലാശാലയിൽനിന്നും ബിരുദം കരസ്ഥമാക്കുകയും വിദ്യാഭ്യാസ പ്രവർത്ത നങ്ങൾക്കും നാടിന്റെയും നാട്ടാരുടെയും ഉന്നമനം ലക്ഷ്യം വച്ചുള്ള അശ്രാന്ത പരിശ്രമങ്ങൾക്കുമായി സ്വയം സമർപ്പിക്കുകയും ചെയ്തു.

ഏറ്റുമാനൂർ താലൂക്കിലെ ആദ്യ കത്തോലിക്കാ ബിരുദധാരി?[edit]

കെ.സി. വർക്കിയുടെ ബിരുദത്തിന് ഏറെ പ്രത്യേകതകളുണ്ട്. അതിലൊന്ന് ഏറ്റുമാനൂർ താലൂക്കിലെ ആദ്യകത്തോലിക്ക ബിരുദധാരി എന്ന വിശേഷണമാണ്. ഏറ്റുമാനൂർ, കാണക്കാരി, മാഞ്ഞൂർ, ഓണംതുരുത്ത്, പെരുമ്പായിക്കാട്, കുടമാളൂർ, കൈപ്പുഴ, കടുത്തുരുത്തി, കിടങ്ങൂർ, മൂവാറ്റുപുഴ താലൂക്കിലെ ഇലയ്ക്കാട് പകുതി ഇവയൊക്കെ ഉൾപ്പെട്ട പത്ത് പകുതികൾ ചേർന്നുള്ള വിസ്തൃതമായ ഒരു ഭൂപ്രദേശമായിരുന്നു അന്നത്തെ (1920 കളിലെ) ഏറ്റുമാനൂർ താലൂക്ക്. ഇത്രയും വലിയ ഏരിയ അടിസ്ഥാനപ്പെടുത്തി ഉന്നത വിദ്യാഭ്യാസ ചരിത്രവിവരശേഖരണത്തിന് പ്രായോഗികമായി പല തടസ്സങ്ങളും ഇന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പല പഞ്ചായത്തുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ, ഗവേഷകരോ ഇത്തരം വിവരങ്ങൾ കണ്ടെത്തി രേഖപ്പെടുത്തിയിട്ടില്ല എന്നതു തന്നെ. കെ.സി. വർക്കിയുടെ കാലംമുതല്‍ വിദ്യഭ്യാസ പ്രവർത്തകരും നാട്ടുകാരും കുടുംബവൃത്തങ്ങളും അദ്ദേഹത്തെ വിലയിരുത്തുന്നത് അന്നുണ്ടായിരുന്ന ഏറ്റുമാനൂർ താലൂക്കിലെ ആദ്യ കത്തോലിക്കാ ബിരുദധാരി എന്ന നിലയിലാണ്. കെ.സി. വർക്കിയുടെ ബിരുദധാരണം ആർപ്പൂക്കരയിൽ വലിയ ആഘോഷമായിരുന്നു. ആർപ്പൂക്കരയിലെ ആദ്യസ്വീകരണ സമ്മേളനം അതായിരുന്നുവെന്ന് പഴമക്കാർ പറയുന്നു. കൈപ്പുഴമുട്ട്, മെഡിക്കൽ കോളേജ്, വില്ലൂന്നി, കരിപ്പൂത്തട്ട്, മണിയാപറമ്പ് പ്രദേശങ്ങളിലായി പതിനാറോളം വാർഡുകൾ ഉൾപ്പെടുന്നതാണ് ആർപ്പൂക്കര പഞ്ചായത്ത്. കെ.സി. വർക്കിയുടെ നേട്ടങ്ങളെ പഞ്ചായത്തിലെ ആദ്യബിരുദധാരിയായും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നാടിനു പ്രശസ്തി നേടിത്തന്നവരുടെ ഗണത്തിലും ഉൾപ്പെടുത്തി പഞ്ചായത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.

അദ്ധ്യാപനത്തിന്റെ ഗിരിശൃംഗങ്ങളിൽ[edit]

അദ്ധ്യാപനവൃത്തിയുടെ മഹനീയത ഏറ്റം ആദരിക്കപ്പെട്ടിരുന്ന അക്കാലത്ത്‌ മറ്റു പദവികളൊന്നും സ്വീകരിക്കാന്‍ KC വര്‍ക്കി തയ്യാറായിരുന്നില്ല. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തൊന്നിൽ മാന്നാനം സെന്റ്‌ എഫ്രേംസ് സ്‌കൂൾ അദ്ധ്യാപകനായാണ് വർക്കിസാർ തന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. എക്കാലത്തെയും അദ്ധ്യാപകർക്കൊരു മാതൃകയായിരുന്നു വർക്കിസാർ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. വിദ്യാർത്ഥികൾ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വന്നിരുന്ന അക്കാലത്ത് ഒരു വടിപോലും അദ്ദേഹം ക്ലാസ്സിലോ പുറത്തോ ഉപയോഗിച്ചിരുന്നില്ല. പകരം സ്‌നേഹസംഭാഷണം മാത്രം. സ്‌നേഹവും കരുതലും ഉയർന്ന പാണ്ഡിത്യവും ഒന്നായി വർക്കിസാറിൽ അങ്കുരിക്കുമ്പോൾ അതിലേക്ക് വിലയം പ്രാപിച്ച വിദ്യാർത്ഥികൾ നിശ്ബദതയുടെ സംഗീതവും ഏകാഗ്രതയുടെ ആഴങ്ങളും അറിവിന്റെ വിശാലതയും വേണ്ടുവോളം നുകർന്നു. വിദ്യാർത്ഥികളൊക്കെയും പഠനത്തിൽ മുൻനിരയിലേക്ക് കുതിച്ചുകൊണ്ടിരുന്നു. ഏതു ഗഹനവിഷയവും തന്റെ അനിതരസാധാരണമായ ശൈലിയിൽ ഇംഗ്ലീഷ് ഭാഷയിൽ വ്യക്തമായി ശിഷ്യർക്കു പകർന്നുകൊടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ആദരിക്കപ്പെട്ടു. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ പ്രത്യേകം അഭ്യസിപ്പിക്കാൻ അദ്ദേഹം ശ്രദ്ധയും താല്പര്യവും കാട്ടിയിരുന്നു. വിദ്യാർത്ഥികളുടെ അറിവും സ്വഭാവരൂപീകരണവും ഒരുപോലെ തളിർത്ത് പൂത്തുലയുന്നത് ഏവരും തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ നിന്നും പഠിക്കാനെത്തിയ ഒരു വിദ്യാർത്ഥിക്ക് ഫീസും ബോർഡിങ്ങ് ചിലവുകളും വഹിക്കാൻ ത്രാണി ഉണ്ടായിരുന്നില്ല. ഈ വിവരം തിരിച്ചറിഞ്ഞ വർക്കിസാർ തന്റെ ജ്യേഷ്ഠൻ കെ.സി. ചെറിയാനുമായി ആലോചിച്ച് ആ വിദ്യാർത്ഥിയെ സ്വന്തം വീട്ടിൽത്തന്നെ സൗജന്യമായി താമസസൗകര്യം ഒരുക്കിക്കൊടുത്ത് പഠിപ്പിച്ച സംഭവം ഗുരുശിഷ്യബന്ധത്തിന്റെ ഉദാത്ത മാതൃകയും അദ്ധ്യാപന ധർമ്മത്തിന്റെ ഉയർന്ന നിലയുമാണ്. വാക്കും പ്രവർത്തിയും സ്‌നേഹമെന്ന് ചരടിൽ കോർത്തിണക്കി മുന്നേറിയ വർക്കിസാറിനെ കുട്ടികൾ എത്രമാത്രം ആദരിച്ചുവെന്നതിന് സ്‌കൂളിൽ വെച്ചുണ്ടായ ഒരു അവിസ്മരണീയ സംഭവം ഇവിടെ കുറിക്കട്ടെ. സ്‌കൂളിന്റെ പ്രധാനാധ്യാപകൻ ബഹു. ഫാ. വില്യം സി. എം. ഐ. ആയിരുന്ന കാലം. സ്‌കൂളിന്റെ വാർഷികാഘോഷവേള. നിരവധി പ്രാസംഗികരുണ്ടായിരുന്നു. അതിലൊരു പ്രസംഗകന്റെ ചില പരാമർശങ്ങൾ വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. ഏതാണ്ട് അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾ കൂവാനും ബഹളം വയ്ക്കാനും തുടങ്ങി. യോഗം മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥ. പലരും ശ്രമിച്ചു നോക്കിയിട്ടും ബഹളവും കൂക്കുവിളിയും കൂടുതൽ ഉച്ചസ്ഥായിലായി. കാര്യങ്ങൾ ആകെ കൈവിട്ടുപോകുന്ന അവസ്ഥ. ഇതു മനസ്സിലാക്കിയ വർക്കിസാർ സ്റ്റേജിലെത്തി മൈക്കിലൂടെ ഒറ്റവാക്കുമാത്രം ഉറക്കെ പറഞ്ഞു ‘Silence’..... നിശബ്ദത പാലിക്കാനുള്ള അദ്ദേഹത്തിന്റെ ശക്തമായ ആഹ്വാനം അദ്ദേഹത്തെ ഉൾക്കൊണ്ടിട്ടുള്ള വിദ്യാർത്ഥികൾ പൂർണ്ണമായി ഏറ്റെടുക്കുകയും വർക്കിസാറിന്റെ ക്ലാസ്സുപോലെ സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത കൈവരിക്കുകയും മണിക്കൂറുകൾക്കുശ്ശേഷം യോഗം അവസാനിക്കുവോളം തൽസ്ഥിതി തുടരുകയും ചെയ്തു. അന്നു സദസ്സിലുണ്ടായിരുന്ന ശ്രീ. കെ സി. ജോസഫ് കുന്നുംപുറം അഭിമാനപൂർവ്വം സ്മരിക്കുന്ന ഈ സംഭവം ഒരദ്ധ്യാപകന്റെ പരിധികളില്ലാത്ത സാദ്ധ്യത തുറന്നുകാട്ടുന്ന ജീവസുറ്റ സാക്ഷ്യപ്പെടുത്തലുമാണ്. അദ്ധ്യാപനജോലിയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റം ഭംഗിയായി നിർവ്വഹിക്കുമ്പോഴും തന്റെ ഉയർന്ന യോഗ്യതകളിലോ കഴിവിലോ പാണ്ഡിത്യത്തിലോ അദ്ദേഹം തെല്ലും രമിച്ചില്ല. ഉപരി പഠനം നടത്താൻ വീണ്ടും അദ്ദേഹം വിദ്യാർത്ഥിയുടെ വേഷമണിഞ്ഞു. 1925-26 കാലഘട്ടത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ട്രെയിനിംഗ് കോളേജിൽ ചേർന്ന് എൽ. റ്റി. (Licentiate in Teaching) ബിരുദം കൂടി അദ്ദേഹം കരസ്ഥമാക്കി. കുടുംബ പ്രാരാബ്ധങ്ങൾക്കിടയിലൂടെ ചരിക്കുമ്പോഴും അദ്ദേഹം കാട്ടിയ ഈ നിശ്ചയദാർഢ്യം തികച്ചും മാതൃകാപരവും ആരെയും പ്രചോദിപ്പിക്കുന്നതുമാണ്. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തി ഒൻപത് സെപ്റ്റംബർ 16- ാം തീയതി കെ.സി. വർക്കി എഴുതിയ ഡയറിക്കുറിപ്പ് ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു. ‘ആറാം ക്ലാസ്സിൽ ജൂണിയർ ഹിസ്റ്ററിയും ഇംഗ്ലീഷ് സെക്കന്റ് പേപ്പറും ഞാൻ എടുത്തിരുന്നു. ഈ രണ്ടു വിഷയങ്ങൾക്കും സെന്റ്. എഫ്രേംസ് സ്‌കൂൾ മാന്നാനം സംസ്ഥാനത്ത് ഒന്നാമത് നിൽക്കുന്നതായി ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പരീക്ഷാഫലത്തിൽ കാണാവുന്നതാണ്'. അദ്ദേഹം പഠിപ്പിച്ച കാര്യങ്ങള്‍ വിദ്യാർത്ഥികൾ എത്രമാത്രം ഉൾക്കൊണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ അദ്ധ്യാപനമികവിന്റെ പൂർണ്ണതയും ഈ സാക്ഷ്യപ്പെടുത്തലില്‍ തെളിഞ്ഞു നിൽക്കുന്നു.

അദ്ധ്യാപനത്തോടൊപ്പം വിജ്ഞാന ശേഖരണവും വിനിമയവും[edit]

പണ്ഡിതരും ഗുരുശ്രേഷ്ഠരും ആത്മീയ പാലകരും അറിവിന്റെ വ്യാപനത്തിനും അതിലൂടെയുള്ള സമൂഹത്തിന്റെ അഭ്യുന്നതിയ്ക്കും ഏറെ ശ്രദ്ധപതിപ്പിച്ചിരുന്നതായി ചരിത്രത്തിൽ കാണാൻ കഴിയും. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർത്ഥത്തിൽ വിജ്ഞാനശേഖരണത്തിലും വിനിമയത്തിലും ഉപഭോഗത്തിലും കേരളം ഏറെ പിന്നിലായിരുന്നു. അന്നത്തെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ പശ്ചാത്തലം തന്നെ അതിന് കാരണമായിട്ടുണ്ട്. പൊതുവേ പ്രസിദ്ധീകരണങ്ങളും അറിവ് നേടാനുള്ള ഉപാധികളും തീരെ പരിമിതമായിരുന്ന അക്കാലത്ത് വിദ്യനേടാൻ ആഗ്രഹിച്ചിരുന്നവരും വിജ്ഞാനകുതുകികളും ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ കാലഘട്ടത്തിലാണ് പി. എൻ പണിക്കരെ പോലുള്ളവർ വിജ്ഞാന മേഖല ശക്തിപ്പെടുത്താനായി അക്ഷീണ പരിശ്രമം നടത്തുന്നത്. ഈ കാലഘട്ടത്തിൽ തന്നെയാണ് കെ.സി. വർക്കി തന്റെ വീട്ടിലൊരു വിജ്ഞാനശേഖരം എല്ലാവർക്കുമായി ഒരുക്കിയത്. തനിക്ക് ആർജ്ജിക്കാൻ കഴിഞ്ഞിട്ടുള്ള വിശിഷ്ടഗ്രന്ഥങ്ങളും പത്രമാസികകളും പ്രത്യേകം വർഗ്ഗീകരിച്ച് അദ്ദേഹം സൂക്ഷിച്ചിരുന്നു. നസ്രാണി ദീപികയുടെ വിവിധ വർഷങ്ങളിലെ പത്രങ്ങൾ ഉയർന്ന നിലവാരത്തില്‍ സ്വന്തം ചിലവിൽ ബൈൻഡ് ചെയ്യിച്ച് അദ്ദേഹം വായനക്കാർക്കായി സൂക്ഷിക്കുകയും ഈ ഗ്രന്ഥശേഖരം ആർക്കും ഉപയോഗിക്കാൻ അവസരമുണ്ടെന്ന് പള്ളിയിലും മറ്റും പൊതുവായി അറിയിക്കുക കൂടി ചെയ്തിരുന്നു. കെ.സി. വർക്കിയെന്ന അദ്ധ്യാപകനിലെ അഗാധമായ മനുഷ്യസ്‌നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും മകുടോദാഹരണങ്ങളായി മാത്രമേ ഇത്തരം പ്രവർത്തനങ്ങളെ വിലയിരുത്താൻ ആർക്കും കഴിയൂ.

കെ.സി. വർക്കിയുടെ സാഹിത്യസംഭാവനകൾ[edit]

വർക്കിസാറിന്റെ ജീവിതം ഹ്രസ്വമായിരുന്നു. കേവലം നാൽപ്പത്തിയൊന്നു വർഷത്തെ ചുരുങ്ങിയ മണിക്കൂറുകൾ മാത്രമാണ് ഈശ്വരൻ അദ്ദേഹത്തിന് നൽകിയത്. ഒട്ടും അലസത കാട്ടാതെ ശരവേഗത്തിൽ ഓടി ലക്ഷ്യസ്ഥാനത്തെത്തി അദ്ദേഹം തന്റെ ഓട്ടം പൂർത്തിയാക്കി എന്നു പറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല. പഠനവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ഒന്നിനൊന്നു മെച്ചപ്പെടുത്തിക്കൊണ്ടിരുന്ന അദ്ദേഹം ഏറെ ശ്രദ്ധയും ഏകാഗ്രതയും ആവശ്യമായ സാഹിത്യ രചനകളിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചുവെന്നത് അദ്ദേഹത്തിലെ ബഹുമുഖ പ്രതിഭയെ തുറന്നുകാട്ടുന്ന തെളിവുകളാണ്. സാഹിത്യസാംസ്‌കാരിക മണ്ഡലങ്ങളിൽ ചുരുങ്ങിയ കാലത്തിനിടയിൽ അദ്ദേഹം നൽകിയത് മികവുറ്റ സംഭാവനകളായിരുന്നു. മഹാകവി ഉള്ളൂർ, വടക്കൂംകൂർ രാജ രാജവർമ്മ തുടങ്ങി സാഹിത്യരംഗത്തെ അതികായരുമൊത്ത് കെ.സി. വർക്കി സാഹിത്യവേദികളിൽ പ്രവർത്തിച്ചിരുന്നു. സാഹിത്യപോഷിണി സഭയുടെ നേതൃത്വത്തിൽ വൈക്കത്തു സംഘടിപ്പിച്ച സമ്മേളനത്തിൽ മേൽപ്പറഞ്ഞവരോടൊത്ത് വർക്കിസാറും പ്രാസംഗികനായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം സംഘടിപ്പിച്ചിരുന്ന സാഹിത്യസാംസ്‌കാരിക സമ്മേളനങ്ങളിൽ പങ്കെടുത്തുകൊണ്ട് അഗാധപാണ്ഡിത്യമുള്ള ‘പ്രഗത്ഭനായ വാഗ്മി’ എന്ന വിശേഷണത്തിനും അദ്ദേഹം അർഹത നേടി. മാന്നാനം സെന്റ്. ജോസഫ്‌സ് പ്രസിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന യുവലോകം എന്ന പ്രസിദ്ധീകരണത്തിന്റെ മുഖ്യ പത്രാധിപരായി 1926 മുതൽ 1932 വരെ മികവുറ്റ സംഭാവനകളാണ് അദ്ദേഹം കാഴ്ചവെച്ചത്. കെ.സി. വർക്കിയുമായി ഉറ്റ സൗഹൃദം പുലർത്തിയിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പലപ്പോഴും കുന്നുംപുറം വീട്ടിലെത്തുകയും ആഴത്തിലുള്ള സംവാദങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ സാഹിത്യരംഗത്ത് സമഗ്രമായി ഇടപെടുകയും സാഹിത്യരംഗത്തെ പ്രമുഖരുമായി ഉറ്റ സൗഹൃദം നിലനിർത്തുകയും ചെയ്തുകൊണ്ട് ആ രംഗത്തെ അവിഭാജ്യഘടകമായി അദ്ദേഹം വിരാജിച്ചു. സിഞ്ഞോർ - മുസ്സോളിനി 1929 ൽ പ്രസിദ്ധീകരിച്ച കെ.സി. വർക്കിയുടെ മികവുറ്റ ഗ്രന്ഥമാണ് ‘സിഞ്ഞോർ മുസ്സോളിനി’. മാന്നാനം സെ. ജോസഫ്‌സ് പ്രസിൽനിന്നും അച്ചടി നിർവ്വഹിച്ച പുസ്തകത്തിന്റെ അവതാരിക എഴുതിയത് നസ്രാണി ദീപിക പത്രാധിപരായിരുന്ന ആദരണീയനായ തെങ്ങുംമൂട്ടിൽ വർഗ്ഗീസ് മാപ്പിളയാണ്. അദ്ദേഹം കെ.സി. വർക്കിയെപ്പറ്റി അവതാരികയിൽ ഇങ്ങനെ കുറിക്കുന്നു. "മിസ്റ്റർ വർക്കിക്ക് ഭാഷാഗദ്യം എഴുതുന്നതിനുള്ള വൈശാരദ്യം എത്രത്തോളമുണ്ടെന്നുള്ളത് പത്രങ്ങളും മാസികകളും പതിവായി വായിച്ചു കൊണ്ടിരിക്കുന്ന ആർക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. എത്ര ദുർഗ്രഹങ്ങളായ ആശയങ്ങളേയും സുഗമമായി ഒരു രീതിയിൽ പ്രതിപാദിച്ച് വായനക്കാരെ ബലാദാകർഷിക്കുന്നതിന് അദ്ദേഹത്തിന് അസാധരണായ ഒരു നൈപുണ്യം കാണുന്നുണ്ട്. അദ്ദേഹത്തിന്റെ സർഗ്ഗസിദ്ധമായ ആ നൈപുണ്യം ഈ ഗ്രന്ഥത്തിലും നല്ലപോലെ തെളിഞ്ഞു പ്രകാശിക്കുന്നുണ്ടെന്ന് ഇത് അവധാനപൂർവ്വം വായിക്കുന്നവർക്ക് ബോധ്യപ്പെടാതിരിക്കില്ല. അക്കാലത്തെ പത്രമാസികകളിലെ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു കെ.സി. വർക്കിയെന്ന് ആദരണീയനായ തെങ്ങുമ്മൂട്ടിൽ വറുഗീസ് മാപ്പിള തന്റെ അവതാരികയിൽ സാക്ഷ്യപ്പെടുത്തുന്നതിലൂടെ കെ.സി. വർക്കിയുടെ സാഹിത്യ മേഖല എത്രത്തോളം ഔന്നത്യം പ്രാപിച്ചിരുന്നുവെന്ന് മനസിലാക്കാവുന്നതാണ്. മാർട്ടിൻ ലൂഥർ കെ.സി. വർക്കിയുടെ മാർട്ടിൻ ലൂഥർ എന്ന കൃതി ശ്രീമാൻ ജോസഫ് മുണ്ടശ്ശേരി പത്രാധിപരായിട്ടുള്ള ‘പ്രേഷിതൻ’ മാസികയിൽ 1928-29 കാലഘട്ടത്തിൽ വിവിധ ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാലത്തെ പ്രമുഖ എഴുത്തുകാരായിരുന്ന ഐ. സി ചാക്കോ എം. പി പോൾ, മേരി ജോൺ തോട്ടം (സിസ്റ്റർ. മേരി ബനീജ്ഞ) എന്നിവരുടെ രചനകളാണ് അക്കാലത്ത് പ്രേഷിതൻ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്ന മറ്റു പ്രധാനപ്പെട്ടവ. ഇവരുടെ രചനകളേക്കാൾ പ്രാധാന്യം കൊടുത്ത് പലപ്പോഴും കെ.സി. വർക്കിയുടെ മാർട്ടിൻ ലൂഥർ പ്രസിദ്ധീകരിച്ചിരുന്നതായി പ്രേഷിതൻ മാസിക നിരീക്ഷിക്കുമ്പോൾ വ്യക്തമാകുന്നു.

മറ്റു രചനകൾ[edit]

കെ.സി. വർക്കിയുടെ രചനകളൊക്കെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ കാലഘട്ടം ഒന്നു വിലയിരുത്തിയാൽ അക്കാലത്തെ പുസ്തകരചനയും അതിന്റെ പിന്നിലുള്ള ബുദ്ധിമുട്ടുകളും എത്രയെന്ന് ആർക്കും ഊഹിക്കാൻ സാധിക്കുന്നതാണ്. അത്തരം പ്രതിസന്ധികളെയൊക്കെ അതിജീവിക്കാൻ കഴിയുന്ന പ്രതിഭാവിലാസമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത് എന്ന് സുവ്യക്തമാണ്. എന്നാൽ തന്റെ ഹ്രസ്വജീവിതത്തിന് അദ്ദേഹത്തെ മുഴുവൻ വരച്ചുകാട്ടാനുള്ള സമയമില്ലാതെ പോയി. അദ്ദേഹം രചന പൂർത്തീകരിച്ച് പ്രസിദ്ധീകരണത്തിനായി തയ്യാറാക്കിവച്ചിരുന്ന കയ്യെഴുത്തു പ്രതികളിൽ പ്രധാനപ്പെട്ടവ നെപ്പോളിയൻ, സെ. ഹെലെനാ, ടാഗോർ തുടങ്ങിയവയായിരുന്നു. സര്‍ഗ്ഗപ്രതിഭയുടെ തേരിലേറി അങ്ങ് ആകാശ സീമകളിലെവിടെയോയിരുന്ന് കൺചിമ്മി അനേകം കവിഹൃദയങ്ങളിൽ പ്രചോദനമായി ആ ചൈതന്യം ഇന്നും പ്രകാശിക്കുന്നുണ്ടാകുമെന്ന് നിസ്തർക്കം ഉറപ്പിക്കാം.

കെ.സി. വർക്കിയും നാടിന്റെ വികസനവും[edit]

‘തന്നിൽ ദൈവം നിക്ഷേപിച്ച താലന്തുകളെല്ലാം മുന്നിൽ കാണുന്ന ദേവതുല്യനായ സഹജീവിയുടെ നന്മയ്ക്കായി മാത്രം വ്യയം ചെയ്യണമെന്ന് കെ.സി. വർക്കിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഓരോ നിമിഷത്തിന്റേയും മൂല്യമറിഞ്ഞ് അദ്ദേഹം പ്രവർത്തിച്ചു. അദ്ധ്യാപനത്തിലെ ഉന്നതിയോ, യോഗ്യതകളോ, സാഹിത്യരംഗത്തെ അംഗീകാരങ്ങളോ ഒന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. ആ യൗവ്വനകാലത്ത് ആസ്വദിക്കാനും മതിമറക്കാനും ഇവയൊക്കെ ധാരാളമായിരുന്നുവെങ്കിലും നാട്ടാരുടെ ക്ഷേമവും നാടിന്റെ വികസനവും ഒഴിച്ചുകൂടാനാവാത്തതാണെന്നും അതിലെല്ലാം തന്റേതായ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും അതിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്തു. ആ അദ്ധ്വാനഫലങ്ങൾ ജനലക്ഷങ്ങൾ ഇന്നും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുവെന്നത് ആരെയും പുളകം കൊള്ളിക്കും. കരുത്തുറ്റ സംഘാടകന്‍ കൂടിയായിരുന്നു കെ.സി. വർക്കി. സമകാലീനരായ പൊതുപ്രവർത്തകരായ സെഡ് എം മാമ്പറ, കെ.സി. ചെറിയാൻ കുന്നുംപുറം, കള്ളികാട്ട് വേലായുധൻപിള്ള, ഫാ. ജോസഫ് ഓണംകുളം, പാടകശ്ശേരി നീലകണ്ഠൻ മൂത്തത്, പി. ആർ ചാക്കോ, പോങ്ങാവന പി. പി. പത്മനാഭപിള്ള സാർ, കൊച്ചുപോങ്ങാവന മാത്തൻ ഔസേപ്പ്, വെള്ളാപ്പള്ളീൽ ഔസേപ്പ് ചാക്കോ തുടങ്ങിയവർക്കൊപ്പം കെ.സി. വര്‍ക്കിയും അണിചേർന്നു. വർക്കി സാറിനെ ഒഴിവാക്കിക്കൊണ്ടുള്ള പൊതുപ്രവർത്തനങ്ങൾ അക്കാലഘട്ടത്തിൽ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. അന്നത്തെ ഭരണാധിപന്മാരെ നാടിന്റെ വികസനാശയങ്ങൾ ധരിപ്പിക്കാൻ കെ.സി. വർക്കിയുടെ വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങൾ ഏറെ സഹായകമാവുകയും ചെയ്തു.

പൊതുരംഗത്ത് കെ.സി. വർക്കി വഹിച്ച പദവികൾ[edit]

കെ.സി. വർക്കിയുടെ പൊതുപ്രവർത്തനങ്ങൾ ഒരിക്കലും ഉപരിപ്ലവങ്ങളായിരുന്നില്ല. ഹൃദയവും ശരീരവും പൂർണ്ണമായി അർപ്പണം ചെയ്താണ് ഓരോ ഇടപെടലുകളും അദ്ദേഹം നടത്തിയത്. ആർപ്പൂക്കര ദേശവർദ്ധിനി സഭ പ്രസിഡന്റ്, ആർപ്പൂക്കര 1931-ാം നമ്പർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, കുടമാളൂർ CYMA യുടെ പ്രസിഡന്റ്, ആർപ്പൂക്കര പ്രോഗ്രസ്സീവ് യൂണിയൻ സ്ഥാപകൻ അങ്ങനെ വ്യത്യസ്തങ്ങളായ പല പദവികളും അദ്ദേഹം അലങ്കരിച്ചിരുന്നു. കോട്ടയം വടക്കൻ പകുതി വികസന അസ്സോസ്സിയേഷൻ സെക്രട്ടറി, കോട്ടയം കോ ഓപ്പറേറ്റീവ് യൂണിയൻ അംഗം തുടങ്ങി അദ്ദേഹം വഹിച്ച പദവികൾ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. വിശ്വസ്തതയും പൊതുനന്മയും സമ്പൂർണ്ണ സമർപ്പണവും അദ്ദേഹം വഹിച്ച ഓരോ പദവികളേയും വ്യത്യസ്തമാക്കി. കോട്ടയം ചുങ്കം പാലം കെ.സി. വർക്കിയുടെ പൊതുപ്രവർത്തനരംഗത്തെ നേട്ടങ്ങളുടെ പട്ടികയിൽ സൂര്യശോഭയോടെ തിളങ്ങുന്ന ഒന്നാണ് കോട്ടയം ചുങ്കം പാലത്തിന്റെ നിർമ്മാണം. സാമൂഹിക പ്രവർത്തനരംഗത്തെ തന്റെ കൂട്ടാളികൾ ആർപ്പൂക്കരയുടെ വികസനം പ്രധാനമായും ലക്ഷ്യമിട്ടപ്പോൾ കെ.സി. വർക്കിയുടെ ചിന്തകൾ ബഹുദൂരം മുന്നിട്ട് കാലത്തിനു മുൻപേ എത്തിക്കഴിഞ്ഞിരുന്നു. നാടിന്റെ വികസനത്തിൽ ചുങ്കം പാലത്തിന്റെ നിർമ്മാണം എത്ര അനിവാര്യമാണെന്ന ചിന്ത അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ചുങ്കംപാലം യാഥാർത്ഥ്യമായാൽ കോട്ടയം പട്ടണത്തെയും മറ്റനേകം കരകളേയും തമ്മിൽ ബന്ധിപ്പിക്കാമെന്നതും അതിലൂടെ നാടും ദേശവാസികളും പുരോഗതി നേടുമെന്ന ദീർഘവീക്ഷണവും അദ്ദേഹത്തെ കൂടുതൽ കർമ്മനിരതനാക്കി. എന്നാൽ പാലത്തിന്റെ പൂർത്തീകരണം നാട്ടാരുടെ മാത്രം സഹകരണത്താൽ നടത്താൻ പറ്റുന്നതുമായിരുന്നില്ല. സർക്കാരിന്റെ അംഗീകാരവും സഹകരണവും നേടിയെടുക്കേണ്ട ആ സ്വപ്ന പദ്ധതിയുടെ നടത്തിപ്പിനായി ഒരു സംഘടന രൂപീകരിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ കോട്ടയം വടക്കൻ പകുതി ഡെവലപ്‌മെന്റ് അസ്സോസിയേഷൻ എന്ന പ്രസ്ഥാനത്തിന് തുടക്കമായി. അസ്സോസിയേഷന്റെ സെക്രട്ടറി സ്ഥാനം വഹിക്കുക എന്ന ഏറെ ഭാരിച്ച ഉത്തരവാദിത്തം കെ.സി. വർക്കി തന്നെ ഏറ്റെടുക്കുകയും ചെയ്തു. അദ്ധ്യാപനത്തിന്റെ ശ്രേഷ്ഠത അങ്ങേയറ്റം നിലനിർത്തി നാടിന്റെയും നാട്ടാരുടെയും പുരോഗതിക്കായി ഇരവുകളെ പകലുകളാക്കി സ്വയം മറന്നു പ്രവർത്തിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തതിന്റെ ഫലമായി തിരുവിതാംകൂർ സർക്കാർ ചുങ്കം പാലത്തിന്റെ നിർമ്മാണം യാഥാർത്ഥ്യമാക്കി.

ഗൃഹാസ്ഥാശ്രമത്തിന്റെ നന്മയും വിശുദ്ധിയും[edit]

കേവലം നാൽപ്പത്തിയൊന്നു വർഷങ്ങൾ മാത്രം ജീവിക്കുകയും സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക സാഹിത്യമണ്ഡലങ്ങളിൽ വലിയസംഭാവനകൾ നൽകുകയും ചെയ്ത ഒരു വ്യക്തിത്വത്തിന് തീർച്ചയായും വ്യക്തിജീവിതത്തിൽ എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുത്തേണ്ടി വന്നേക്കാമെന്നത് സാധാരണ കണ്ടുവരാറുള്ള ഒരു സാദ്ധ്യതയാണ്. പലപ്പോഴും ഭർത്താവിന്റെ തിരക്കുകൾമൂലം ഭാര്യ ഏറെ കഷ്ടപ്പെടേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ കെ.സി. വർക്കിയുടെ കുടുംബജീവിതം ആരെയും ആശ്ചര്യഭരിതരാക്കുന്ന ആഴത്തിലുള്ള ഗൃഹാസ്ഥാശ്രമ വിശുദ്ധിയുടെ നീരുറവകളിലൂടെയുള്ള താളാത്മകമായ ഒഴുക്കായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ എല്ലാ വിജയത്തിനു പിന്നിലും ഉയർന്ന ഗൃഹാസ്ഥാശ്രമ ചൈതന്യം കാരണമായിട്ടില്ലേ എന്നുപോലും ആർക്കും തോന്നുംവിധമായിരുന്നു അദ്ദേഹത്തിന്റെ കുടുംബജീവിതം. 1921 മെയ് 15ന് കൈനകരി ചാവറ വീട്ടിൽ അന്തോനി - അന്ന ദമ്പതികളുടെ മകളും വി. ചാവറ പിതാവിന്റെ ബന്ധുവുമായ സിസിലിയെയാണ് കെ.സി. വർക്കി തന്റെ ജീവിത സഖിയാക്കിയത്. ഇവരുടെ ജീവിതം തികച്ചും മൂല്യാധിഷ്ഠിതവും പരസ്പരസ്‌നേഹ ബഹുമാനാദരങ്ങൾക്കൊണ്ടലംകൃതവുമായിരുന്നു. ഭർത്താവിന്റെ വേർപാടിനുശേഷം സിസിലി ഏറെക്കാലം ജീവിച്ചു. ഇക്കാലമത്രയും ഭർത്താവിനെപ്പറ്റിയുള്ള ദീപ്ത സ്മരണകളിൽ സിസിലി പറയുന്ന ഓരോ വാക്കും സ്‌നേഹത്തിന്റെയും ഒരിക്കലും മരിക്കാത്ത സ്മരണകളുടെയും പുഷ്പാലംകൃത വചസ്സുകൾ മാത്രമായിരുന്നു. കെ.സി. വർക്കിയുടെ കുടുംബസ്‌നേഹവും കരുതലും വ്യക്തമാക്കുന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ശിഷ്യനും സി. എം. ഐ. സഭാംഗവുമായ ഫാ. കോൺസ്റ്റന്റയിൻ മണലേൽ തന്റെ 90-ാമത്തെ വയസ്സിൽ വിവരിക്കുന്നതു കുറിക്കട്ടെ. കെ.സി. വർക്കിയുടെ പത്‌നി സിസിലി, കുട്ടികളുമൊക്കെയായി സ്വന്തം വീടായ കൈനകരി ചാവറ വീട്ടിൽ വിശ്രമിക്കുന്ന നാളുകൾ. ആഴ്ചയിലൊരിക്കൽ മാത്രമാണ് വർക്കിസാറിന് കുടുംബവുമായി ഒത്തുചേരാൻ അന്ന് അവസരമുണ്ടായിരുന്നുള്ളൂ. അത് വെള്ളിയാഴ്ച ദിനത്തിലാണ്. കാരണം ശനി, ഞായർ ദിനങ്ങൾ സ്‌കൂളിന് അവധി ദിനങ്ങളായിരുന്നു. വെള്ളിയാഴ്ച ദിനത്തിലെ വർക്കിസാർ തികച്ചും മറ്റൊരു വ്യക്തിയാണെന്നായിരുന്നു ഫാദർ വ്യക്തമായി ഓർമിച്ചത്. കാരണം മറ്റൊന്നുമായിരുന്നില്ല. അദ്ദേഹത്തിൽ അലയടിച്ചിരുന്ന സന്തോഷവും സംതൃപ്തിയും അത്രമേൽ പ്രകടമായിരുന്നുവെന്നതു തന്നെ. എല്ലാറ്റിലുമുപരി ഇന്ന് താൻ കൈനകരിക്ക് യാത്ര പോകുന്നുണ്ട് തുടങ്ങിയ സന്തോഷകരമായ കാര്യങ്ങൾ ക്ലാസ്സിൽ വിദ്യാർത്ഥികളുമായി പങ്കുവെയ്ക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. വർക്കിസാറിന്റെ ഗ്രഹാസ്ഥാശ്രമ പൂർണ്ണതയുടെ ഉത്തമോദാഹരണങ്ങളായി മാത്രമേ പ്രിയശിഷ്യന്റെ ഈ വെളിപ്പെടുത്തലുകളെ ആർക്കും വിലയിരുത്താനാകൂ. എല്ലാറ്റിനുമുപരി കെ.സി. വർക്കി കോറിയിട്ട പാതകളെ മുറുകെ പിടിക്കുവാനും പിന്തുടരുവാനും അദ്ദേഹത്തിന്റെ പിൻതലമുറക്കാർ ഓരോരുത്തരും നടത്തിയ ശ്രമങ്ങളും അവർക്ക് സമൂഹം നൽകിയ ആദരവും അദ്ദേഹത്തിന്റെ ഗൃഹസ്ഥാശ്രമ ചൈതന്യത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന ജീവസുറ്റ തെളിവുകളാണ്.

ആത്മീയ ദൃഢതയുടെ ആൾരൂപം[edit]

കെ.സി. വർക്കിയുടെ ഓരോ പ്രവർത്തികളെയും നിരീക്ഷിച്ചാൽ അതിലെല്ലാം നിറഞ്ഞു തുളുമ്പുന്നത് ആത്മീയതയുടെ സ്പുല്ലിംഗങ്ങളാണ്. ആത്മീയാടിത്തറയിൽ പടുത്തുയർത്തപ്പെട്ടതായിരുന്നു ആ ജീവിതം. അതുകൊണ്ടുതന്നെ മറ്റുള്ളവരിൽനിന്നും തന്നെ വ്യത്യസ്തനാക്കുന്ന ഗുണഗണങ്ങളോ പാണ്ഡിത്യമോ ഒന്നുംതന്നെ ഏതൊരു മനുഷ്യനിൽനിന്നും അകലം പാലിക്കാൻ അദ്ദേഹത്തെ അനുവദിച്ചതുമില്ല. വർണ്ണ-വർഗ്ഗ സാമ്പത്തിക ക്രമങ്ങളൊന്നും അദ്ദേഹം പരിഗണിച്ചതേയുണ്ടായിരുന്നില്ല. ആർക്കൂം സമീപിക്കാവുന്ന സാധു മനുഷ്യൻ. ആർക്കും നന്മചെയ്യാൻ എപ്പോഴും തയ്യാറുള്ള മനുഷ്യസ്‌നേഹി. ഇതൊക്കെയാണ് അദ്ദേഹത്തിന് ചേരുന്ന വിശേഷണങ്ങൾ. അദ്ദേഹം വിടപറഞ്ഞ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ മഹാനെയോർത്ത് സമ്മിശ്രവികാരങ്ങളോടെ കണ്ണീർ പൊഴിക്കുന്ന വിവിധ മതങ്ങളിലും ജീവിതരീതിയിലുമുള്ളവരെ കാണാൻ കഴിയുന്നു. ചിലരുടെ അടുത്ത തലമുറപോലും മാതാപിതാക്കൾ കെ.സി. വർക്കിയെപ്പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഓർത്തുപറയുന്നു. ഇതൊക്കെ അപൂർവ്വതകളാണ്. എപ്പോഴും പ്രാർത്ഥിക്കുകയും ഓരോ ചുവടിലും സുകൃത ജപങ്ങൾ ഉരുവിടുകയും ചെയ്തിരുന്ന അന്തരിച്ച ആദരണീയനായ കെ.സി. ജോസഫ് കുന്നുംപുറം തന്റെ ആത്മീയതയുടെ പ്രചോദനം കൊച്ചായൻ എന്നു വിളിച്ചിരുന്ന കെ.സി. വർക്കിയുടെ മാതൃകയായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളിലെ അദ്ധ്യാപനവും പൊതുപ്രവർത്തനത്തിലെ തിരക്കുകളും നിലനിൽക്കുമ്പോഴും ഇടവകസമൂഹത്തിനും കുട്ടികൾക്കും ആത്മീയാപദ്ദേശങ്ങളും ക്ലാസ്സുകളും കൊടുക്കുവാൻ കെ.സി. വർക്കി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സ്വയം നവീകരിക്കുന്നതിന്റെ ഭാഗമായി ഏകാന്തധ്യാനങ്ങളിൽ സംബന്ധിക്കുന്നതും അദ്ദേഹത്തിന്റെ ആത്മീയ സാധനയുടെ ഭാഗമായിരുന്നു. വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ അക്കാലത്ത് വിവിധ ഇടവകളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികൾക്കായി നടത്തിയ ക്യാമ്പിനും അദ്ദേഹത്തിന്റെ നേതൃത്വവും സഹകരണവും നിർലോഭം ലഭിച്ചിരുന്നു. എല്ലാത്തിരക്കുകൾക്കിടയിലും ഇത്തരം ആത്മീയകാര്യങ്ങൾ മുടക്കിമില്ലാതെ നടത്താനും ആത്മീയവളർച്ച ഏവരിലും ത്വരിതപ്പെടുത്തുവാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ അടങ്ങാത്ത ആത്മീയ അഭിവാഞ്ചയുടെ സാക്ഷ്യങ്ങളാണ്. സൂര്യശോഭ അണയുന്നു കേവലം നാല്പത്തിയൊന്നു വർഷത്തെ ധന്യജീവിതം കൊണ്ട് ഏവരെയും അദ്ഭുതപ്പെടുത്തിയ കെ.സി. വർക്കി വിടപറയുമ്പോൾ വിദ്യാഭ്യാസ സാംസ്‌കാരിക പൊതു മണ്ഡലങ്ങളിൽ ആ വേർപാടുണ്ടാക്കിയ വിടവ് എത്രവലുതെന്ന് ഊഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു. സർവ്വേശ്വരൻ കനിഞ്ഞു നൽകിയ അമൂല്യജീവിതത്തിലെ ഒരു നിമിഷംപോലും പാഴാക്കാതെ സഹജീവികളുടെയും നാടിന്റെയും ഉന്നമനത്തിനായി അദ്ദേഹം സ്വയം സമർപ്പിച്ചു. തന്റെ പ്രവർത്തികളിലെല്ലാം വേറിട്ട സന്ദേശമാണ് അദ്ദേഹം സമൂഹത്തിന് നൽകിയത്. സാധാരണവും അസാധാരണവും തമ്മിലുള്ള വിത്യാസം അദ്ദേഹം വ്യക്തമായി നിർവ്വചിച്ചു തന്നു. യഥാർത്ഥ നന്മയും, മനുഷ്യസ്‌നേഹത്തിന്റെ ആഴങ്ങളും, കരുണയുടെ സ്പർശവും അദ്ദേഹത്തിലൂടെ അനുഭവവേദ്യമായി. കർമ്മയോഗത്തിന്റെ അർത്ഥം സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. ആരാണ് ഗുരുഭൂതനെന്ന് ക്ലാസ് മുറികൾക്കുള്ളിലും പുറത്തുമായി അദ്ദേഹം കാട്ടിത്തന്നു. ആത്മീയതയുടെ കൊടുമുടികൾ താങ്ങേണ്ടതെങ്ങനെയെന്ന് അതിലൂടെ സ്വയം നടന്ന് അദ്ദേഹം വ്യക്തത വരുത്തി. എല്ലാറ്റിലുമുപരി മനുഷ്യജീവിതം എങ്ങനെ സാർത്ഥകമാക്കാം എന്നുള്ള വലിയ പാഠമാണ് കെ.സി. വർക്കിയുടെ ഹ്രസ്വജീവിതത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ ഹൃത്തിൽ നിറഞ്ഞുനിന്നിരുന്ന ആത്മീയ തേജസ്സ് മരണത്തിനു മുൻപായി അദ്ദേഹത്തെ കൃത്യമായി നയിക്കുന്നത് എങ്ങോട്ടെന്നത്‌ ആരെയും പുളകം കൊള്ളിക്കും. മരണത്തിനു തൊട്ടുമുമ്പുള്ള ദിനങ്ങളിൽ ഏകാന്തധ്യാനത്തിൽ പങ്കെടുത്ത് അദ്ദേഹം ധ്യാനനിരതനായിരുന്നു. ഈശ്വര മനനത്തിലൂടെ ആർജ്ജിച്ച ആത്മീയ ശോഭയുടെ പൊൻപ്രഭയിൽ മുങ്ങി കുളിച്ചുനിൽക്കുന്ന വേളയിലാണ് അദ്ദേഹം രോഗാഗ്രസ്ഥനാകുന്നതും ആ തേജസ്സുറ്റ ആത്മാവ് പൂർണ്ണത പ്രാപിക്കുന്നതും. 1938 ഏപ്രിൽ 29 ന് ടൈഫോയിഡ് രോഗം മൂർച്ഛിച്ച് തന്റെ സൽപ്രവർത്തികളുടെ നിക്ഷേപമെല്ലാം മറ്റുള്ളവർക്കായി പകർന്നു നൽകി ഒന്നും തിരികെ ചോദിക്കാതെ പോന്നിടത്തേയ്ക്ക് തന്നെ അദ്ദേഹം കൂടണഞ്ഞു. ആ മാഹാനുഭാവന്റെ ജീവസ്സുറ്റ സ്മരണങ്ങൾക്കു മുൻപിൽ കോടി പ്രണാമം. ആത്മീയ ശ്രേഷ്ഠരും നാട്ടുകാരും രചനകളിലൂടെ പ്രകീർത്തിച്ച അപൂർവ്വ വ്യക്തിത്വം

മഹത്‌വ്യക്തികളുടെയെല്ലാം വേർപാട് ദുഃഖവും വേദനയും ഉളവാക്കുമെന്നതിൽ സംശയം ഇല്ല. എന്നാൽ തങ്ങളിൽ ഒരാളായി സ്വന്തം സഹോദരനായി ഏവരും കരുതിപ്പോന്ന കെ.സി. വർക്കിയുടെ വേർപാട് അനേകരെ കടുത്ത ദുഃഖകയത്തിലാഴ്ത്തി എന്നതായിരുന്നു സത്യം. അദ്ദേഹം ഇടപെട്ട മേഖലകളിലെല്ലാം ദുഃഖത്തിന്റെ ആ അരുവികൾ ഒഴുകിക്കൊണ്ടിരുന്നു. അതിൽ സാഹിത്യരംഗത്തെ പ്രതിഭകൾ രചനകളിലൂടെയാണ് തങ്ങളുടെ ദുഃഖം ലോകത്തെ അറിയിച്ചത്. പലതും ഇന്ന് ലഭ്യമല്ല എങ്കിലും ലഭ്യമായിട്ടുള്ളവയിൽനിന്ന് എന്തായിരുന്നു അപ്പോഴത്തെ അവസ്ഥയെന്നും കെ.സി. വർക്കിയുടെ അമൂല്യതയുടെ വലിപ്പവും നമുക്ക് വായിച്ചെടുക്കാൻ സഹായിക്കുന്നതാണ്. 

ആത്മീയഗുരുശ്രേഷ്ഠനും പണ്ഡിതനും ബൈബിൾ വിവർത്തകനും കവിയുമായിരുന്ന റവ. ഫാദർ എമ്മാനുവൽ സിദ്ധി (മാണിക്കത്തനാർ) രചിച്ച 'ഒരു വിലാപം' എന്ന കവിത കെ.സി. വർക്കിയുടെ ജീവിതം വ്യക്തമായി വരച്ചുകാട്ടുന്നതാണ്. ക. നി. മൂ. സ. മാണിക്കത്തനാരും കെ.സി. വർക്കിയും തമ്മിൽ അഭേദ്യമായ സുഹൃത്ബന്ധം പുലർത്തിയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവ് കൂടിയാണ് ഈ കവിത. ഉന്നതരായ ആത്മീയശ്രേഷ്ഠർ അല്മായരെക്കുറിച്ച് തയ്യാറാക്കിയ ഇത്തരം രചനകൾ വിരളമാണ് എന്നതും കെ.സി. വർക്കി എന്ന മഹത്‌വ്യക്തിത്വത്തിന്റെ ഉന്നതിയെ സാക്ഷ്യപ്പെടുത്തുന്നു. വിദ്യയും നല്ല ശീലങ്ങളും കീർത്തിയും നന്മയും പരിഷ്‌കാരവും നാടിന് പ്രദാനം ചെയ്ത പ്രതിഭയും, ഗുരുനാഥനും, വശ്യവാഗ്മിയും, എഴുത്തുകാരനുമായി കേൾവി കേട്ട കെ.സി. വർക്കി കനിവും, സമാധാന ചിന്തയും, ദൈവഭക്തിയും നിറഞ്ഞ ഒരു വ്യക്തിത്വമായിരുന്നുവെന്ന് കവിത അടിവരയിടുന്നു. ആ പുണ്യാത്മാവിന്റെ കവിതയുടെ പൂർണ്ണരൂപം താഴെ ചേർക്കുന്നു. കെ. സി. വർക്കിയെ സ്മരിച്ചുകൊണ്ട് 1938 ജൂൺ മാസത്തിലെ മലബാർ മെയിലിൽ പ്രസിദ്ധീകരിച്ച ക. നീ. മു. സ. മാണിക്കാത്തനാരുടെ കവിത

ഒരു വിലാപം[edit]

ഹന്ത ഹന്ത പരിതാപവാർത്ത ഹാ! ചിന്തനത്തിലമരാത്ത സങ്കടം അന്തരംഗം മടിയേ പിളർന്നു നാം സന്തപിച്ചു കരയേണ്ട സംഭവം മൊട്ടുതെല്ലു വികസിച്ചു പൂക്കളിൽ ഒട്ടുമെല്ലെയണയാൻ തുടങ്ങവേ ഞെട്ടുവിട്ടു കഠിനം ധരിത്രിയിൽ പെട്ടു കഷ്ട! മിനിയെന്തു ചെയ്കനാം! വിദ്യയും സുഗുണമാർന്ന ശീലവും സത്യയശസ്സുമൊരുപോലിണങ്ങിയോൻ വന്ദ്യമല്ലഗിരമാശു മൃത്യതാ- അന്ത്യമത്തിലടിപ്പെട്ടു ദൈവമേ! സാരമായ് പല നന്മയും പരി- ഷ്‌കാരവും നിജകരയ്ക്കു നൽകിയോൻ വീരബഹു സുധി കെ.സി. വർക്കിതൻ ഭാരമൊക്കെയകലത്തു വച്ചിതാ! ദാസിയെന്ന ഗുരുനാഥനും സദാ- വാസികൾക്കതുല്യ വശ്യവാഗ്മിയും മാസികാദി പത്രഗ്രന്ഥകൃത്തുമായി കെ.സി. വർക്കി പുകൾകൊണ്ടുമുന്നമേ ദീനരിൽ കനിവു, സർവ്വദാസമാ- ധാനചിന്ത, മഖിലേശഭക്തിയും ആനനത്തിലൊരു മന്ദഹാസവും മാന്യമൊത്തു കളിയാടി വർക്കിയിൽ ദേവലോകസുഖമൊക്കെയും ഭവൻ സേവകനരുളുകയങ്ങു ദൈവമേ ആ വാരേണ്യനഴിവറ്റ കീർത്തിയും കൈവരേണമതിനായി നമിപ്പൂ ഞാൻ ഖേദമോടു നിവരാൻ തുണയ്ക്കണം സാദമാർന്നു കുനിയുന്ന മക്കളും വേദനയ്ക്കു ശമനം ഭവിപ്പൂ ഹൃ- മോദമോടു നിവരാൻ തുണയ്ക്കണം. വൃദ്ധയായ ജനനിക്കുമാർത്തിയാൽ ബന്ധരായ സകലർക്കുമീശ്വരാ ശുദ്ധമോദമുളവാകണം പരം- സിദ്ധമായ് വരണം ഗുണോൽക്കരം. (എമ്മാനുവൽ സിദ്ധി മാണിക്കത്തനാർ) ക. നി. മൂ. സ മാണിക്കത്തനാർ, ആണ്ടുമാലി മുട്ടത്തുപാടം കുടുംബാംഗം - വി. അൽഫോൻസാമ്മയുടെ പിതൃസഹോദരൻ, സുവിശേഷ പരിഭാഷകൻ (സുറിയാനിയിൽനിന്നും മലയാളത്തിലേക്ക്), ബഹുഭാഷാ പണ്ഡിതൻ, കവി, സാഹിത്യകാരൻ, വ്യാഖ്യാതാവ്. കെ.സി. വർക്കിയുടെ വേർപാടിനുശേഷം മാന്നാനം സെന്റ്. ജോസഫ് ആശ്രമത്തിൽനിന്നും അദ്ദേഹത്തെപ്പറ്റി ഒരു ഓർമ്മക്കുറിപ്പ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. നീണ്ട പതിനേഴു വർഷക്കാലം സെന്റ്. എഫ്രേംസ് സ്‌കൂളിലെ അദ്ധ്യാപകനായും ഏഴുവർഷക്കാലം ‘യുവലോകം ‘ മാസികയുടെ എഡിറ്ററുമായി പ്രവർത്തിച്ചിരുന്ന കെ.സി. വർക്കിയുമായി മാന്നാനം ആശ്രമത്തിനും സി. എം. ഐ. സഭയ്ക്കുമുണ്ടായിരുന്ന അഭേദ്യമായ ബന്ധമാണ് ഇങ്ങനെയൊരു പ്രസിദ്ധീകരണത്തിന് വഴി തെളിച്ചത്. അന്നു പ്രസിദ്ധീകരിച്ചതിന്റെ ഒർജിനലും മലയാള പരിഭാഷയും ചുവടെ ചേർക്കുന്നു. ശ്രീ: കെ.സി വർക്കി, ബി.എ., എൽ.റ്റി.-യുടെ സ്നേഹ സ്മരണയ്ക്ക്: ജനനം 1897 ഫെബ്രുവരി 20. മഹാരാജാവ് തിരുമനസ്സിന്റെ സ്കോളർഷിപ്പോടെ ഇ.എസ്.എൽ. സി. പാസ്സായി. 1916 ബി.എ. ബിരുദം നേടി 1920 മാന്നാനം സെന്റ് എഫ്രേംസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു മെയ് 20 - 1920 എൽ.റ്റി. ബിരുദം നേടി 1921 ‘യുവലോകം’ പത്രാധിപർ സ്ഥാനം വഹിച്ചു. 1926 - 1932 നിര്യാതനായി. ഏപ്രിൽ 26 - 1938 ആർപ്പൂക്കര സെന്റ് സേവ്യർസ് ദേവാലയ സെമിത്തേരിയിൽ നിത്യ വിശ്രമത്തിലായി ഏപ്രിൽ 27 - 1938

ഹൃദയനൈർമല്യവും, ഊർജസ്വലതയും, കർമ്മോൽസുകതയും ഗുണകരമായ രീതിയിൽ ഒന്നിക്കുകയും, ആർജിച്ച നന്മകളൊക്കെ സമീപസ്ഥർക്കും, സ്നേഹിതർക്കുമായി സന്തോഷത്തോടെ സമർപ്പിക്കുകയും ചെയ്ത ഒരു വ്യക്തി ജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ശ്രീ. കെ.സി. വർക്കിയുടെ ജീവിതത്തേക്കാൾ മിഴിവാർന്നതായി, ഒരു പക്ഷേ, മറ്റൊന്ന് കണ്ടെത്താൻ പ്രയാസമാണ്. വൈശിഷ്ടമാർന്ന വ്യക്തിത്വത്തിന്റേയും, കാരുണ്യത്തിന്റേയും പര്യായമായിരുന്നു ആ ജീവിതം. ലാളിത്യവും, സുതാര്യതയും, സത്യസന്ധതയുടെ നൈസർഗികതയും ഇഴചേർന്നു തിളക്കമേകിയ വ്യക്തിത്വമായിരുന്നു അത്. ലക്ഷ്യത്തെ ആർജ്ജവത്തോടെ സമീപിക്കുന്നതും, കറ തീർന്ന ദൃഢവിശ്വാസവുമാണ് ഒരുവനെ മഹത്വമുള്ളവനും, സമ്പൂർണ്ണനുമാക്കുന്നതെന്ന് കാർലൈൻ പറയുന്നു. സഹപ്രവർത്തകരെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിൻറെ ഏറ്റവും വലിയ ആനന്ദം മറ്റുള്ളവർക്ക് നന്മ ചെയ്യുന്നതായിരുന്നു. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ അദ്ദേഹം വളരെ വിജയിച്ചു എന്നല്ല അതിന്റെ പൂർണ്ണതയിലെത്തി എന്നുവേണം പറയുവാൻ. ദുർഗ്രാഹ്യവും, സങ്കീർണവുമായ വിഷയങ്ങൾ തന്റേതായ ശൈലിയിൽ സരളമായി വിദ്യാർത്ഥികളുടെ മുന്നിൽ അവതരിപ്പിച്ചും, അലസരോടും, ബുദ്ധിശക്തി കുറഞ്ഞവരോടും ഒരിക്കലും കൈവിടാത്ത ക്ഷമയോടെയുള്ള സമീപനം സ്വീകരിച്ചും തൻ്റെ വിദ്യാർത്ഥികളെ സാധ്യമായ എല്ലാവിധത്തിലും സഹായിച്ചിരുന്ന ആർദ്രതനിറഞ്ഞ ബോധകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തിൽ മാത്രമായി ഒതുങ്ങി നിന്നിരുന്നില്ല. അലസരെ ഉത്സാഹഭരിതരാക്കുവാനും, പ്രതീക്ഷാനിർഭരരെ പ്രോജ്വലിപ്പിക്കുവാനും തന്റെ ജീവിതം സ്വയം സമർപ്പിച്ചു. ആർപ്പൂക്കര ദേശാഭിവർദ്ധിനി സഭയുടേയും, കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അധ്യക്ഷനായും, ആർപ്പൂക്കര - കുടമാളൂർ സി.വൈ.എം.എ. യുടെ ഉപാധ്യക്ഷനായും പ്രവർത്തിച്ചു. ചുങ്കം പാലത്തിന്റ നിർമ്മാണത്തിന് തിരുവിതാംകൂർ ഗവണ്മെന്റിനെ പ്രേരിപ്പിച്ച ‘വടക്കൻ പകുതി’ വികസന സമിതിയുടെ സെക്രട്ടറിയായും, കോട്ടയം സഹകരണ യൂണിയൻ അംഗമായും ചുമതലകൾ വഹിച്ചു. ആർപ്പൂക്കര പ്രോഗ്രസ്സിവ് യൂണിയൻ ആരംഭിക്കുവാൻ നിമിത്തമായത് അദ്ദേഹമായിരുന്നു. സ്വയം ചുമതലയേറ്റ ബഹുമുഖമായ തിരക്കുകൾക്കിടയിലും പുസ്തക രചനയ്ക്കായി അദ്ദേഹം സമയം കണ്ടെത്തി. മുസോളിനി, നെപ്പോളിയൻ, സെന്റ് ഹെലീന, മാർട്ടിൻ ലൂഥർ കിംഗ്, റ്റാഗോർ എന്നീ രചനകൾ നടത്തിയെങ്കിലും ആദ്യത്തേത് മാത്രമേ വെളിച്ചം കണ്ടുള്ളൂ. ‘യുവലോകത്തിന്റ’ ആറുവർഷത്തെ തന്റെ പത്രാധിപത്യത്തിൽ അപൂർവ്വ വിജ്ഞാനത്തിന്റേയും, തളരാത്ത തീഷ്ണതയുടേയും പാതയിലൂടെ അതിനെ നയിച്ചുവെന്ന് മാത്രമല്ല, വായനക്കാരുടെ പൂർണ്ണ വിശ്വാസം നേടിയെടുക്കുവാനും അദ്ദേഹത്തിന് സാധിച്ചു. മനുഷ്യരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അത്രയേറെ കൃത്യമായിരുന്നു. ഒരു പ്രസംഗകൻ എന്ന നിലയിൽ അദ്ദേഹത്തെ കേട്ടിട്ടുള്ളവർ ആരുംതന്നെ, പതിഞ്ഞതും വ്യക്തവുമായ ആ ശബ്ദവും, ആത്മാർഥതയോടെ മുന്നോട്ടുവെച്ച ആശയങ്ങളും ഒരിക്കലും മറക്കാനിടയില്ല. തീർച്ചയായും അദ്ദേഹം ഓർമ്മിക്കപ്പെടുന്നത് ഇടിമുഴക്കംപോലെയുള്ള പ്രസംഗങ്ങളിലൂടെയല്ല, ശാന്ത ഗംഭീരമായ ശബ്ദത്തിൽ ശ്രോതാക്കളെ ആശയസമ്പന്നരാക്കിയ പ്രസംഗങ്ങളിലൂടെയാണ്. അവസാന നിമിഷം വരെ ഉപകാരപ്രദവും സന്തോഷകരവുമായ രീതിയിൽ അദ്ദേഹം നടത്തിയ പ്രവർത്തങ്ങൾ കുടുംബാംഗങ്ങൾക്കും സ്നേഹിതർക്കും മഹത്തായ മാതൃകയാണ് നൽകിയത്. അവസാനം രോഗശയ്യയിൽ ആകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ധ്യാനത്തിൽ ഭാഗമാകുവാൻ സാധിക്കുകയും, ദൈവവുമായി ആഴത്തിൽ ബന്ധപ്പെടുവാനും, തിരിച്ചറിയുവാനും കഴിഞ്ഞിരുന്നുവെന്നത് വലിയ സംതൃപ്തി നൽകുന്നതായിരുന്നു. “മരണത്തിന്റെ ക്രൂരമായ കരങ്ങൾ നമ്മിൽനിന്ന് പൊടുന്നനെ അദ്ദേഹത്തെ കവർന്നെടുത്തില്ലായിരുന്നെങ്കിൽ, വർഷംതോറും വിരിയുന്ന മനോഹരമായ പനിനീർപൂവുകൾ നമ്മുടെ ഇടയിലും, രാജ്യത്തുതന്നെയും അതിൻ നറുമണം പരത്തുമായിരുന്നുവെന്ന് എല്ലാവിധത്തിലും നമുക്ക് പ്രതീക്ഷിക്കാമായിരുന്നു.”

കവിയും ഗണിത ശാസ്ത്ര അദ്ധ്യാപകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന ജി. ശങ്കുണ്ണി സാർ തന്റെ ഹൃദയസ്പർശിയായ കവിതയിലൂടെ കെ.സി. വർക്കിയോടുള്ള സ്‌നേഹാദരങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി. പ്രഗത്ഭനായ ജ്യോത്സ്യനും ആനുകാലികങ്ങളിലൂടെ പ്രശസ്തനുമായിരുന്ന ജ്യോത്സ്യൻ കെ. കെ. എസ് ആർപ്പൂക്കരയും കെ.സി. വർക്കിയുടെ സ്മരണകളെ കവിതയിലൂടെ പ്രഘോഷിച്ചിട്ടുണ്ട്. മാന്നാനം സെന്റ്. എഫ്രേംസ് സ്‌കൂളിൽ അക്കാലത്ത് പ്രസിദ്ധപ്പെടുത്തിയ മംഗളഗാനം എന്ന കവിതാരൂപത്തിലും കെ.സി. വർക്കിയെ ആദരിക്കുന്നുണ്ട്. പൈലോ തൊമ്മൻ മുതുക്കാടിന്റെ ഒരു വ്യാഴവട്ട സ്മരണ എന്ന നീണ്ട കവിതയിൽ (മാന്നാനം സെന്റ് ജോസഫ് പ്രസ്സിൽനിന്നും അച്ചടിച്ചത്). നാട്ടിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളെയും പ്രസ്ഥാനങ്ങളെയും സ്മരിക്കുന്നതിൽ കെ.സി. വർക്കിയുടെ നേട്ടങ്ങളും ചേർത്തിട്ടുണ്ട്. കെ.സി. വർക്കിയുടെ സമകാലിനനും പൊതുപ്രവർത്തന രംഗത്തെ സഹകാരിയുമായിരുന്ന ഇസഡ് എം. മാമ്പറയുടെ 2004 ൽ പുറത്തിറക്കിയ സ്മരണികയിലും നാലിടത്ത് കെ.സി. വർക്കിയെപ്പറ്റി പരാമർശമുണ്ട്. കെ.സി. വർക്കിയെ നേരിട്ടറിഞ്ഞിട്ടുള്ളവരുടെ സ്മരണകളിലൂടെ കെ.സി. വർക്കിയെപ്പറ്റിയുള്ള പഠനത്തിന്റെ ഭാഗമായി അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള അപൂർവ്വം ചിലരെ കണ്ടെത്തുവാനും സംസാരിക്കുവാനും ഭാഗ്യം ലഭിച്ചു. അവരുടെഓർമ്മകൾ ഇവിടെ കുറിക്കട്ടെ. സി. എം. ഐ. സഭയിലെ ശ്രേഷ്ഠവൈദികനും കെ.സി. വർക്കിയുടെ ശിഷ്യനുമായിരുന്ന ഫാദർ ജെ. സി. മണലേൽ തന്റെ ഗുരുവായ കെ.സി. വർക്കിയുടെ സ്മരണകളിൽ ഒരു നിമിഷം നിശബ്ദനായി. തന്റെ ഏറ്റവും പ്രിയപ്പെട്ട അദ്ധ്യാപകൻ എന്നാണ് അദ്ദേഹം വർക്കിസാറിനെ വിശേഷിപ്പിച്ചത്. പ്രായാധിക്യത്താൽ ഓർമ്മക്കുറവുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മചെപ്പില്‍ ഒളിമങ്ങാതെ തെളിയുന്ന അദ്ധ്യാപകനും വർക്കിസാർ മാത്രം. കെ.സി. വർക്കിയെ ആദ്യമായി കാണുന്ന ഒരാൾ വീണ്ടും നോക്കിപോകുംവിധമുള്ള ശാന്ത ഗംഭീരത ആ മുഖഭാവത്തിന് മാറ്റുകൂട്ടിയിരുന്നതായി അദ്ദേഹം എടുത്തു പറഞ്ഞു. തനിക്ക് വർക്കിസാർ നൽകിയ ഉപദേശങ്ങൾ വളരെ പ്രയോജനകരവും പ്രചോദനപരവുമായിരുന്നെന്ന് അദ്ദേഹം വിലയിരുത്തി. ആരേയും ഭയപ്പെടാതെ ശരിയായ കാര്യങ്ങള്‍ കൃത്യമായി എവിടെയും തുറന്നു പറയാനുള്ള വർക്കിസാറിന്റെ ആർജ്ജവം വളരെ വലുതായിരുന്നെന്ന് അദ്ദേഹം ഓർമ്മിച്ചു. ഞങ്ങൾ ബഹു. ഫാ. ജെ. സി മണലേലുമായി ഓർമ്മകൾ പങ്കുവെച്ച് പിരിഞ്ഞെങ്കിലും പിന്നീട് പലപ്പോഴായി വർക്കിസാറിന്റെ കാര്യങ്ങൾ അദ്ദേഹം പറയുകയും അപ്പോഴൊക്കെ സന്തോഷവനായി കാണപ്പെട്ടിരുന്നതായും അദ്ദേഹത്തെ അക്കാലത്ത് ശുശ്രൂഷിച്ചിരുന്ന ജസ്റ്റിൻ മാന്നാനവും (UK)വ്യക്തമാക്കിയിട്ടുണ്ട്. കെ.സി. വർക്കിയുടെ ഇടവകാംഗവും കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്ന മത്തായി വർക്കി (കുട്ടിച്ചേട്ടൻ) മുര്യങ്കരി തന്നേക്കാൾ പ്രായത്തിൽ മുതിർന്ന വർക്കിസാറിനെ ഏറെ ബഹുമാനാദരങ്ങളോടെയാണ് ഓർമ്മിക്കുന്നത്. വർക്കിസാറിനെ കറതീർന്ന ജെന്റിൽമാൻ ആയാണ് കുട്ടിച്ചേട്ടൻ വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ മനസ്സിൽ ഏറെ ഉയർന്ന സ്ഥാനം നൽകി ആദരിച്ചിരുന്ന വ്യക്തിയാണ് വർക്കിസാർ. കുട്ടിച്ചേട്ടന്റെ ഏറ്റം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒരു സംഭവം അദ്ദേഹം വിവരിക്കുകയുണ്ടായി. ഇടവകപള്ളിയിലെ പൊതുയോഗ നടത്തിപ്പുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ അദ്ദേഹം ഓർത്തെടുത്തു. അക്കാലത്തെ പൊതുയോഗങ്ങൾ പലപ്പോഴും ശബ്ദായമാനവും, ചേരിതിരിഞ്ഞ് പരസ്പരം എതിർക്കുന്ന രീതികളും വളരെ സാധാരണമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു. പ്രബലരായ കുടുംബങ്ങൾ തമ്മിലുള്ള വീറും വാശിയുമൊക്കെ കാരണം പലപ്പോഴും തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ യോഗം പിരിയേണ്ട അവസ്ഥയും സാധാരണാമായിരുന്നു. കുഴപ്പങ്ങൾ സൃഷ്ടിക്കാൻ മുന്നിട്ടുനിന്നിരുന്ന ചിലരെ ഇടവകയിൽനിന്നും പുറത്താക്കേണ്ട അവസ്ഥവരെ നിലനിന്നിരുന്നു എന്നു പറയുമ്പോൾ അന്നത്തെ സാഹചര്യം വ്യക്തമാകും. എന്നാൽ കുട്ടിച്ചേട്ടന്റെ മനസ്സിൽ ഇതിനേക്കാൾ ഏറെ ശ്രദ്ധപിടിച്ചുപറ്റിയത് കെ.സി. വർക്കിസാർ പങ്കെടുത്തിരുന്ന പൊതുയോഗങ്ങളുടെ പ്രത്യേകതയായിരുന്നു. വർക്കിസാറിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രം ആദ്യാവസാനം ചിട്ടയായും ഭംഗിയായും യോഗങ്ങൾ നടന്നിരുന്നു. അത് അദ്ദേഹത്തെ ആരും ഒരിക്കലും ഭയന്നിട്ടായിരുന്നുമില്ല, മറിച്ച് ആ മനുഷ്യന്റെ വ്യക്തിത്വ വിശേഷം കൊണ്ടുമാത്രമായിരുന്നു വലിയ വീറും വാശിയുമുള്ളവരോക്കെയും നിശബ്ദരായിരുന്നത് എന്നാണ് കുട്ടിച്ചേട്ടന്‍ വിലയിരുത്തുന്നത്. കെ.സി. വർക്കി സെന്റ്. എഫ്രേംസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്ന കാലത്ത് അവിടുത്തെ വിദ്യാർത്ഥിയും പിൽക്കാലത്ത് സെന്റ്. എഫ്രേംസിൽ അദ്ധ്യാപകനുമായിരുന്ന സി. ജെ. ജോസഫ് ചൂരക്കളം (ചൂരക്കളം സാർ) കെ.സി. വർക്കി എന്ന അദ്ധ്യാപകന്റെ ശ്രേഷ്ഠതകൾ വ്യക്തമായി ഓർമ്മിക്കുന്നത് കുറിക്കട്ടെ. സി. ജെ. ജോസഫ് മാഷിന്റെ വാക്കുകളിൽ ‘’ ഒരു മൊട്ടുസൂചി വീഴ്ചപോലും വർക്കിസാറിന്റെ ക്ലാസ്സിൽ തിരിച്ചറിയാമായിരുന്നു’’ എത്ര അച്ചടക്കമില്ലാത്ത വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ്സിലും വിദ്യാർത്ഥികളുടെ പൂർണ്ണ ശ്രദ്ധ ഏകീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യവും അങ്ങേയറ്റം എടുത്തുപറയേണ്ടതായിരുന്നുവെന്ന് ഇംഗ്ലീഷ് അദ്ധ്യാപകൻ കൂടിയായിരുന്ന സി. ജെ. ജോസഫ് സാർ ഓർമ്മിച്ചു.

പ്രൊഫ. സിറിയക്ക് ജെ. ചോലങ്കരി കെ.സി. വര്‍ക്കിയെപ്പറ്റി കുറിച്ചത്[edit]

(കുന്നുംപുറം കുടുംബയോഗം ദശവൽസര സ്മരണികയിൽ നിന്ന്) പുരാതനവും പ്രസിദ്ധവുമായ പള്ളിപ്പുറത്ത് പാലയ്ക്കൽ തറവാടിന്റെ ഒരു ശാഖയാണല്ലോ കുന്നുംപുറം കുടുംബം. ഈ കുടുംബത്തിൽ 4-ാം തലമുറക്കാരനായി 20. 02. 1987 ൽ ശ്രീ. കുഞ്ചെറിയായുടെ ഇളയപുത്രനായി കെ.സി. വർക്കി ജനിച്ചു. പഠനത്തിൽ അതി സമർത്ഥനായിരുന്ന അദ്ദേഹം മഹരാജാസ് സ്‌കോളർഷിപ്പോടെ 1916-ൽ ഇ. എസ്. എൽ. സി പാസ്സായി. കോട്ടയം സി. എം. എസ് കോളേജിൽനിന്നും പ്രശസ്തമായ നിലയിൽ ഇന്റർ മീഡിയേറ്റ് വിജയിക്കുകയും തുടർന്ന് 1920-ൽ തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളേജിൽനിന്നും ബി. എ ഡിഗ്രി നേടുകയും ചെയ്തു. മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അദ്ദേഹം, തിരുവനന്തപുരം ഗവൺമെന്റ് ട്രയിനിംഗ് കോളേജിൽനിന്നും 1926 -ൽ €എൽ. റ്റി ബിരുദവും നേടുകയുണ്ടായി. ജീവിതം മുഴുവനും തന്റെ നാടിനും സമൂഹത്തിനുംവേണ്ടി നീക്കി വച്ച കർമ്മയോഗിയായിരുന്നു വർക്കിസാർ. കളങ്കമില്ലാത്ത മനസ്സും കറപുരളാത്ത കൈകളുമായിരുന്നു അദ്ദേഹത്തിന്റേത്. ആർപ്പൂക്കര ദേശാഭിവർദ്ധിനിസഭ, ആർപ്പൂക്കര 1931-ാം നമ്പർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ആർപ്പൂക്കര കുടമാളൂർ സി. വൈ. എം. എ എന്നവയുടെ പ്രസിഡണ്ട്, കോട്ടയം വടക്കൻ പകുതി വികസന അസ്സോസ്സിയേഷൻ സെക്രട്ടറി, കോട്ടയം, കോ-ഓപ്പറേറ്റീവ് യൂണിയൻ മെമ്പർ, ആർപ്പൂക്കര പ്രോഗ്രസ്സീവ് യൂണിയൻ മെമ്പർ, ആർപ്പൂക്കര പ്രോഗ്രസ്സീവ് യൂണിയൻ സ്ഥാപകൻ തുടങ്ങി വർക്കിസാറിന്റെ പൊതുപ്രവർത്തനമേഖലകൾ അതിവിപുലമായിരുന്നു. സാഹിത്യസാംസ്‌ക്കാരിക രംഗങ്ങളിലും വർക്കിസാർ തിളങ്ങിനിന്നിരുന്നു. മഹാകവി ഉള്ളൂർ, വടക്കുംകൂർ രാജരാജവർമ്മ തുടങ്ങി സാഹിത്യരംഗത്തെ അതികായകരുമൊത്ത് അദ്ദേഹം സാഹിത്യ പോഷിണി സഭയുടെ നേതൃത്വത്തിൽ വൈക്കത്ത് സംഘടിപ്പിച്ച സമ്മേളനത്തിൽ മേൽപ്പറഞ്ഞവരോടൊത്ത് വർക്കിസാറും പ്രസംഗകനായിരുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം സംഘടിപ്പിച്ചിരുന്ന സാഹിത്യസാംസ്‌ക്കാരിക സമ്മേളനങ്ങളിൽ പങ്കെടുത്തുകൊണ്ട് അഗാധ പാണ്ഡിത്യമുള്ള പ്രഗത്ഭനായ വാഗ്മി എന്ന വിശേഷണത്തിനും അദ്ദേഹം അർഹത നേടി. സിത്തോർ മുസ്സോളിനി, നെപ്പോളിയൻ, സെന്റ് ഹെലനാ, ടാഗോർ, മാർട്ടിൻ ലൂഥർ തുടങ്ങി പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ അനേകം ഗ്രന്ഥങ്ങൾ രചിച്ചുകൊണ്ട് അദ്ദേഹം മലയാള സാഹിത്യത്തെ സമ്പന്നമാക്കി. മാന്നാനം സെന്റ് ജോസഫ്‌സ് പ്രസ്സിൽനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘യുവലോകം’ എന്ന പ്രസിദ്ധീകരണത്തിന്റെ മുഖ്യപത്രാധിപരായി 1926 മുതൽ 1932 വരെ പ്രവർത്തിച്ചുകൊണ്ട് ആ രംഗത്തും അദ്ദേഹം തന്റെ കഴിവ് പ്രകടമാക്കി. 1921 മെയ് 15 ന് കൈനകരി ചാവറ വീട്ടിൽ അന്തോണി-അന്ന ദമ്പതികളുടെ മകൾ സിസിലിയെ തന്റെ ജീവിതസഖിയായി സ്വീകരിച്ചുകൊണ്ട് അദ്ദേഹം കുടുംബജീവിതം ആരംഭിച്ചു. ഈ ദാമ്പത്യവല്ലരിയിൽ ഏഴ് പുഷ്പങ്ങൾ വിടർന്നു. അവരുമൊത്ത് സന്തോഷകരാമായി ജീവിതം പങ്കുവെച്ചുപോരവെ, 1935 ഏപ്രിൽ 26 ന് തന്റെ 41-ാം വയസ്സിൽ രംഗബോധമില്ലാത്ത മരണം ആ ദീപനാളത്തെ തല്ലിക്കെടുത്തി.

കൊതിച്ചതൊന്നങ്കിലീശൻ വിധിച്ചതു മറ്റൊന്നല്ലോ

അകാലത്തിൽ പൊലിഞ്ഞ ഈ വെള്ളിനക്ഷത്രം ആർപ്പൂക്കര കുന്നുംപുറത്ത് പാലയ്ക്കൽ കുടുംബയോഗത്തിന്റെ മാർഗ്ഗദീപമായിരുന്നു. എത്രകാലം ജീവിച്ചു എന്നതല്ല മറിച്ച് എങ്ങനെ ജീവിച്ചു എന്നതണ് ഒരു മനുഷ്യന്റെ മഹത്വത്തിന് ആധാരം. ആർപ്പൂക്കര കുന്നുംപുറത്ത് വർക്കിസാറിനെ കുറിച്ച് ഓർക്കുമ്പോൾ ആരുടെയും മനസ്സിൽ ഓടിയെത്തുന്ന ചിന്തയിതാണ്. 41-ാം വയസ്സിൽ ലോകത്തോടു വിട ചൊല്ലിയ അദ്ദഹം തന്റെ ഹ്രസ്വജീവിതം കൊണ്ട് പുരുഷായുസ്സിൽ നേടേണ്ടതെല്ലാം നേടിയെടുത്തു. പ്രസിദ്ധനായ സാഹിത്യകാരൻ, സാംസ്‌ക്കാരികനേതാവ്, പ്രഹഗത്ഭനായ പ്രഭാഷകൻ, ശ്രഷ്ഠനായ അദ്ധ്യാപകൻ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ പ്രവർത്തിച്ച് തന്റെ ശേഷിയും ശേമുഷിയും തെളിയിച്ച വർക്കിസാർ ആർപ്പൂക്കരയയ്ക്ക് മാത്രമല്ല അയൽനാട്ടുകാർക്കും മാർഗ്ഗദീപമായിരുന്നു. ഇടിമുഴക്കം പോലെ കടന്നുവന്ന് ഇടിമിന്നൽപോലെ കടന്നുപോയ ഈ മഹാപ്രതിഭയ്ക്ക് മുന്നിൽ ഒരു നിമിഷം ശിരസ്സ് നമിച്ചു നിൽക്കട്ടെ.

ഉപസംഹാരം[edit]

കെ.സി. വർക്കിയെ ഒരു അപൂർവ്വതയെന്നു വിശേഷിപ്പിച്ചാൽ അതിൽ തെല്ലും അതിശയോക്തി ഉണ്ടാവില്ല. വിവിധ രംഗങ്ങളിലെ നിറഞ്ഞ പങ്കാളിത്തംകൊണ്ട് മാത്രമല്ല അദ്ദേഹത്തിന് ഇത്തരമൊരു വിശേഷണം യോജിക്കുന്നത്. മറിച്ച് ഏർപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും അതിന്റെ സത്തയോടു അങ്ങേയറ്റം ചേർന്നു നിൽക്കുവാനും പൂർണ്ണതയിൽ എത്തിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ അപൂർവ്വതയുടെ കാരണവും മഹത്വവും. അദ്ദേഹത്തിന്റെ ജീവിതം വളരെ ഹ്രസ്വമായിരുന്നതിനാൽ (41 വർഷങ്ങൾ) പല തലമുറകളിലേക്ക് കത്തിനിൽക്കേണ്ടിയിരുന്ന ആ പ്രകാശം പൊടുന്നനെ അണഞ്ഞുപോയത് പുതുതലമുറയ്ക്ക് ആ വ്യക്തിത്വത്തെ അടുത്തറിയാൻ അവസരമില്ലാതാക്കി. ഇത്തരമൊരു സാഹചര്യം അദ്ദേഹത്തെപ്പറ്റിയുള്ള പഠനത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ആ പൂവ് മെല്ലെ വിരിഞ്ഞുതുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും സൗരഭ്യം പരത്തിക്കൊണ്ടിരുന്നു. പൂർണ്ണമായി വിരിയാൻ ഈശ്വരൻ ആ പൂവിനെ അനുവദിച്ചിരുന്നുവെങ്കിൽ അതിന്റെ സൗരഭ്യം നാട്ടിലും രാജ്യമെങ്ങും സുഗന്ധം പരത്തിയേനെ. തികച്ചും ഏകപക്ഷീയമല്ലാത്ത വിമർശനാത്മകമായ പഠനമാണ് അദ്ദേഹത്തെപ്പറ്റി നടത്തിയിട്ടുള്ളത്. എന്തെങ്കിലും കുറവുകളോ പോരായ്മകളോ ബലഹീനതകളോ അദ്ദേഹത്തിനുണ്ടായിരുന്നോ എന്നറിയാൻ വർഷങ്ങളായി നടത്തിയ ശ്രമങ്ങൾ പാഴ്ശ്രമങ്ങൾ മാത്രമായി. അദ്ദേഹത്തിനെന്തെങ്കിലും തെറ്റുചെയ്യണമായിരുന്നെങ്കിൽ ദീർഘമായ അനേകം പടികൾ താഴേക്കിറങ്ങണമായിരുന്നു. ആ ഹൃദയത്തിൽ കളങ്കമേൽക്കാതിരിക്കാൻ അദ്ദേഹം തന്നെ നെയ്‌തെടുത്ത സുകൃതങ്ങളുടെ സ്വർണ്ണനൂലുകൾ കൊണ്ടുള്ള കവചങ്ങൾ തികച്ചും മതിയായിരുന്നു. സാഹിത്യ, ആത്മീയ, അദ്ധ്യാപന, പൊതുപ്രവർത്തനമേഖലകളിലെല്ലാം ഉയരെ നടന്ന അദ്ദേഹത്തിന്ൽ ഇവകൂടാതെ മറ്റ് കലാപരമായ കഴിവുകൾ കണ്ടെത്തിയില്ല എന്നത് ഒരു കുറവായി ആരും കാണുന്നുമില്ല. കെ.സി. വർക്കിയെപോലുള്ള മഹത്‌വ്യക്തിത്വങ്ങളെ പറ്റി പഠിക്കുന്നതും മനസ്സിലാക്കുന്നതും ലക്ഷ്യത്തിലേക്കെത്തുവാനും പൂർണ്ണതയെ പ്രാപിക്കുവാനും സ്വയം നവീകരിക്കുവാനും ആഗ്രഹിക്കുന്നവർക്ക് തികച്ചും ഉപകരിക്കുമെന്നതിൽ സംശയമില്ല. വിശുദ്ധിയും കുട്ടികളെപോലുള്ള നിഷ്‌ക്കളങ്കതയും ദൈവീക സാന്നിദ്ധ്യം പകരുമെന്ന സത്യത്തെ ഉൾക്കൊണ്ടാല്‍ കെ.സി. വർക്കിയുടെ പാതകളെ പിന്തുടരുന്നത് അർത്ഥവത്തും ആത്മീയസാക്ഷാത്കാരത്തിന് ബലമേകുന്നതുമാണ്. അദ്ദേഹമൊരിക്കലും ഏകാന്തധ്യാനത്തിന്റെ അവാച്യമായ അനുഭൂതി മാത്രം നുകർന്ന് സ്വാർത്ഥമതിയാകാൻ ശ്രമിച്ചിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഭക്തിയോഗത്തേയും കർമ്മയോഗത്തേയും ജ്ഞാനയോഗത്തേയും ഒന്നായി ചേർത്തുനിർത്തിയ അദ്ദേഹം ഹൃദയത്തിലെ സ്‌നേഹചരടുകൊണ്ടവയെ നന്നായി ബന്ധിച്ചു. അങ്ങനെ തന്റെ ജീവിതത്തെ പൂർണ്ണതയിലെത്തിക്കാൻ അദ്ദേഹത്തിനായി. വരും തലമുറകൾ അദ്ദേഹത്തിന്റെ പാത കണ്ടു പഠിക്കട്ടെയെന്നും, അദ്ദേഹം പടുത്തുയർത്തിയ വിശാല ഭൂമികയിൽനിന്നും പിന്മുറക്കാർ ഉയിർക്കൊള്ളട്ടേയെന്നും, ആ പനിനീർ പുഷ്പത്തിന്റെ സൗരഭ്യം അനുസ്യൂതം പ്രസരിച്ച് വിശുദ്ധിയുടെ ഗംഗാപ്രവാഹമായി, വിശ്വസാഹോദര്യത്തിന്റെ തെളിനീരുറവയായി ഒഴുകട്ടെയെന്നും നമുക്കാശിക്കാം, പ്രാര്‍ഥിക്കാം.